COVID vaccine / Myths and facts

 COVID vaccine / Myths and facts

ഇന്നലെ കോവിഡ് വാക്സിൻ ലീനമായി.
വാക്സിൻ സ്വീകരിക്കുന്ന പടം പിടിക്കാൻ സമ്മതിച്ചില്ല. അവർ എന്തൊക്കെയോ കാരണങ്ങൾ നിരത്തി , നിനക്ക് അത്രക്ക് ആഗ്രഹമാണെങ്കിൽ ഇങ്ങനെ ഒരു പടം എടുത്തുതരാം എന്ന് പറഞ്ഞതിൽ ഞാനങ്ങ് അഡ്ജസ്റ്റ് ചെയ്തു.
ഇതുകൊണ്ടൊന്നും "ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ" എന്ന് നഴ്സിനെയും മോഡേണ ഇരുന്ന സിറിഞ്ചിനെയും നോക്കി പറഞ്ഞു.
വിശദമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഞാൻ പൂരിപ്പിച്ചുകൊടുത്ത സമ്മതപത്രത്തിലെ ചോദ്യങ്ങൾ നേഴ്‌സ് വീണ്ടും ചോദിച്ച് ഉത്തരങ്ങൾ ഉറപ്പുവരുത്തി. കല്യാണം കഴിക്കാൻ സമ്മതമാണോന്ന് പള്ളിലച്ചൻ ചോദിക്കുന്നതുപോലെ. "എന്നെ കീഴ് വഴങ്ങി ജീവിക്കുമോ " എന്നു മനസ്സിൽ ആ സിറിഞ്ചിനോട് കണ്ണുരുട്ടി ചോദിച്ചു
"കാത്തിരുന്നു കാണാം "എന്ന് മോഡേണ എന്നെ പുച്‌ഛിച്ചു ചിരിച്ചു.
mRNA വാക്സിൻ , അലർജി വരുത്താൻ സാധ്യതയുള്ള
അതിലെ പോളി എതിലിൻ ഗ്ലൈക്കോൾ ( ചുമമരുന്നുകൾ മുതൽ കോസ്‌മെറ്റിക് ഉത്പന്നങ്ങളിൽ വരെ ഇത് ഉണ്ട്), tromethamine
(ഉദാ : കുത്തിവെക്കാനുപയോഗിക്കുന്ന മറ്റു ചില മരുന്നുകളിൽ ഇത് അടങ്ങിയിട്ടുണ്ട്) എന്നി ഘടകങ്ങളോട് എന്നെങ്കിലും അലർജി ഉണ്ടായിട്ടുണ്ടോ?
മുൻപ് വാക്‌സിൻ സ്വീകരിച്ചപ്പോൾ പെട്ടെന്ന് ബോധക്കേട് വരെ ഉണ്ടാകുന്ന തരം റിയാക്ഷൻ ( anaphylactic reaction ) ഉണ്ടായിട്ടുണ്ടോ എന്നൊക്കെ ചോദിച്ച് എല്ലാത്തിനും "ഇല്ല" എന്ന് ഉത്തരം കിട്ടിയതിനുശേഷം അവർ ഏതു കൈയിലാണ് ഈ മോഡേണയെ സന്നിവേശിപ്പിക്കേണ്ടതെന്നു ചോദിച്ചു.
വലതുകൈ ഒരു പരുവമാണ് , റിട്ടയേർഡ് ആയ മട്ടിലാണ് പെരുമാറ്റം , ഇനി കൂടുതൽ വലിപ്പിക്കേണ്ട , അതുകൊണ്ട് ഇടതുമതി ഈ ഭീകരനെ സ്വീകരിക്കാൻ. ഞാൻ കോട്ടു ഊരി സ്ലീവെലെസ്സ് കൈയിലെ മസിലു പെരുപ്പിച്ചു മോഡേണയെ പേടിപ്പിച്ചു .
നേഴ്സ് ൦.5 ml (അതിനുള്ളിൽ 100 മൈക്രോഗ്രാം messenger RNA ) ഒരു ഉറുമ്പ് കടിക്കുന്ന തോന്നലിൽ മസിലിലേക്ക് കടത്തി , 15 മിനിറ്റു അവിടെ കാത്തിരിക്കണം , പെട്ടെന്ന് അലർജി മൂലം പലതരം റിയാക്ഷനുകൾ ശരീരത്തിലുണ്ടായിട്ട് ബോധം പോകുന്നതരം അവസ്ഥ ( anaphylactic reaction ) ഉണ്ടാവുന്നുണ്ടോ എന്നറിയാണിത് .
"ഇതൊക്കെ എന്ത് ?" "അതുക്കും മേലെ" എന്ന അഹങ്കാരത്തോടെ ഞാൻ അവിടെ ഇരുന്ന് ഉള്ളിൽ കയറിയ RNA യെ ചോദ്യം ചെയ്യാൻ തുടങ്ങി.
മസിലിൽ നിന്ന് ഓടിപ്പോകാൻ വരട്ടെ ......നീ എന്നിൽ അലിയും മുമ്പേ കുറച്ചു ചോദ്യങ്ങളുണ്ട് .....
"നീ എന്റെ ഉള്ളിൽ കയറിയിട്ട് എന്റെ DNA മാറ്റിമറിക്കുമോ"? , എന്റെ അനേകം കൂട്ടുകാരെ പ്രതിനിധികരിച്ചാണ് ഈ ചോദ്യം .
"എന്ത് മണ്ടത്തരമാണ് നീ ഈ ചോദിക്കുന്നത് , നിന്റെ കോശത്തിലെ നൂക്ലിയസിനുള്ളിലല്ലേ ഈ DNA ഇരിക്കുന്നത്. ഞാൻ അതിന്റെ പരിസരത്തുപോലും വരില്ല . വെറും ഒരു messenger RNA മാത്രമാണ് ഞാൻ , DNA മാറ്റിമറിക്കാനൊന്നുമുള്ള ചിപ്പോ പ്രോഗ്രാമോ എനിക്കില്ല . ജസ്റ്റ് കോശത്തിനുള്ളിൽ കടന്ന് കോശത്തിന് covid 19 വൈറസിന്റെ ഉപരിതലത്തിൽ കാണുന്നതുപോലെ നീണ്ട ആണിയുടെ രൂപത്തിലുള്ള ഒരു സ്പൈക്ക് പ്രോട്ടീൻ ഉണ്ടാക്കാൻ നിർദ്ദേശം കൊടുക്കും. എന്റെ പേരുതന്നെ മെസ്സഞ്ചർ എന്നല്ലേ , ഞാൻ ഈ നിർദ്ദേശങ്ങൾ കൊടുത്തുകഴിഞ്ഞാൽ പിന്നെ ചാവേർ പോലെയാണ് , ആ കോശങ്ങൾ നശിക്കുന്ന സമയത്ത് ഞാനും നശിച്ചു ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടും.
എന്നാൽ എന്റെ നിർദ്ദേശപ്രകാരം ഉണ്ടാക്കപ്പെട്ട സ്പൈക്ക് പ്രോട്ടീൻ ഒരു ആണിപോലെ സെല്ലിന്റെ ഉപരിതലത്തിൽ കാണപ്പെടും , എന്റെ തിരുശേഷിപ്പുപോലെ . അതിനെ നിന്റെ ശരീരം പുറത്തുനിന്ന് വലിഞ്ഞു കേറിവന്ന ഒരു എതിരാളിയെപ്പോലെ ശത്രുവായിക്കണ്ട് കോവിഡ് വൈറസിനെതിരെയുള്ള ആന്റിബോഡി ഉണ്ടാക്കാൻ തുടങ്ങും, അങ്ങനെ ശരീരത്തിൽ പ്രതിരോധശേഷി ഉണ്ടാകും . കുറച്ചുനാളത്തേക്ക് ശരീരത്തിന് ഇവയെ തിരിച്ചറിയാനുള്ള ഓർമ്മശക്തിയുണ്ടാകും . ഇത് തന്നെയാണ് ഒരു പ്രാവശ്യം കോവിഡ് വന്നവരിലും നടക്കുന്നത്. messenger RNA ആയ എനിക്ക് DNA മാറ്റിമറിക്കാനോ കോവിഡ് എന്ന യഥാർത്ഥ അസുഖം ഉണ്ടാക്കാനൊ ഉള്ള കഴിവില്ല.
പിന്നെ കോവിഡ് ബാധിച്ചവരിൽ, ഞങ്ങളുടെ ശരിയായ ജീവനുള്ള അണികൾ ഉള്ളവരിൽ, ഞങ്ങൾ അടങ്ങിയിരിക്കുകയൊന്നും അല്ല കേട്ടോ . പുതിയ വേരിയന്റിനെ ഉണ്ടാക്കുകയാണ് ഞങ്ങളുടെ ഉപായം. മൂട്ടേഷൻ വഴി ഞങ്ങൾ പരിശ്രമിച്ചുകൊണ്ടേയിരിക്കും. മനുഷ്യരൊക്കെ ഞങ്ങൾക്ക് വെറും തൃണമാണ്. മോഡണ മീശപിരിച്ചു .
"അപ്പോൾ ഞാൻ ഈ മാസ്കും PPE യും ഒക്കെ ഇനിയും ഉപയോഗിക്കണമല്ലേ. സാമൂഹിക അകലവും? കാനഡയിൽ വന്ന് ലിപ്സ്റ്റിക്ക് ഇടാനൊക്കെ പഠിച്ചു വരുവായിരുന്നു".
"ദേ വീണ്ടും മണ്ടൻ ചോദ്യം . നിനക്കൊന്നും ഇനി ഒരു സ്വാതന്ത്ര്യവും ഇല്ല . എന്റെ കാലം സുവർണ്ണ കാലഘട്ടം എന്നറിയപ്പെടും . സൂക്ഷിച്ചില്ലെങ്കിൽ പുതിയ വേരിയന്റിന് ഒക്കെ നിന്നെ കീഴടക്കാൻ പറ്റും . പക്ഷെ ഈ വാക്‌സിൻ രൂപത്തിൽ നീയെന്നെ ഉള്ളിൽ കടക്കാൻ സമ്മതിച്ചതുകൊണ്ട് അസുഖ തിവ്രതക്ക് നല്ല ഡിസ്‌കൗണ്ട് കിട്ടും. നിന്നെ ഒരു മയത്തിലൊക്കെയേ കൈകാര്യം ചെയ്യൂ. ICU ൽഒന്നും പോകേണ്ടി വരില്ല . ഞങ്ങൾ വെറുതെ ഒന്ന് കയറിയിറങ്ങി പൊയ്ക്കോളും".
"വാക്‌സിൻ എടുത്താൽ രക്തം കട്ടപിടിക്കുമെന്നൊക്കെ കേട്ടു , ഉള്ളതാണോ "? #@%&*
"നിനക്ക് മണ്ടത്തരമല്ലാതെ ഒന്നും ചോദിക്കാനില്ലേ.
വാക്‌സിൻ എടുത്തവരെ എടുക്കാത്ത കൺട്രോൾ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്‌സിൻ എടുക്കാത്ത കൺട്രോൾ ഗ്രൂപ്പിലെ ഇരട്ടി ആളുകൾക്ക് രക്തം കട്ടപിടിച്ചിട്ടുണ്ട്. അത് അവരുടെ മറ്റു രക്തസംബന്ധമായ അസുഖങ്ങൾ കൊണ്ടാണ് .
എന്തായാലും ഞങ്ങൾക്ക് രക്തം കട്ടപിടിപ്പിക്കാനൊന്നും ഉള്ള കഴിവില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . സിഗരറ്റു വലിക്കാം , കള്ളുകുടിക്കാം , കണ്ണിൽക്കണ്ട മരുന്നൊക്കെ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ തോന്നുന്നപോലെ കഴിക്കാം . എന്റെ കാര്യം വന്നപ്പോൾ വലിയ തീവ്രവാദം കൊണ്ട് ഇറങ്ങിത്തിരിച്ചിരിക്കുന്നു ".
"ഇനി എന്താണ് അടുത്ത മണ്ടൻ ചോദ്യം "?
"ഇനി ഇത്തിരി ബുദ്ധിപരമായ ചോദ്യമാണ് . അത് നിന്നെ കുഴപ്പിക്കും . നേരത്തെ ചോദിച്ചതൊക്കെ സാമ്പിൾ വെടിക്കെട്ടായിരുന്നു . ചോദിക്കട്ടെ.
സാധാരണ വാക്‌സിനും മരുന്നുമൊക്കെ അപ്പ്രൂവ് ചെയ്യുന്നത് നാല് ഘട്ടങ്ങളിലെ ട്രയൽ കഴിഞ്ഞിട്ടാണല്ലോ . അതിനു ചിലപ്പോൾ അനേക വർഷങ്ങൾ എടുക്കും . ഇതിപ്പോ ഇത്ര പെട്ടെന്ന് ? എന്തോ ദുരൂഹത ഉണ്ടല്ലോ? ഞാൻ ലോകാരോഗ്യ സംഘടന, CDC , The National Advisory Committee on Immunization (NACI) ഇതിലൊക്കെയുള്ള വിവരങ്ങൾ വളരെ ആഴത്തിൽ ദിവസേന പഠിക്കുന്ന ഒരു ആരോഗ്യപ്രവർത്തകയാണ്" . ഞാൻ എന്റെ റേറ്റ് കൂട്ടി.
"സാധാരണ വാക്‌സിൻ ഒക്കെപ്പോലെ യാണോ കോവിഡ് ? ലജ്ജയില്ലേ നിനക്ക് ? നീയെന്തു പഠിച്ചു എന്നാണ് പറഞ്ഞത് ?
aacelerated വാക്‌സിൻ development ആണ് നടന്നിരിക്കുന്നത് . ഞാനെന്ന ശക്തിയിൽനിന്ന് എങ്ങനെയെങ്കിലും ലോകത്തെ രക്ഷിക്കാനൊരു ശ്രമം. ലോകത്തിന്റെ റിമോട്ട് എന്റെ കൈയ്യിലല്ലേ. ഇത്രയൊക്കെ ചെയ്യാനായതുതന്നെ വലിയ കാര്യം. വാക്‌സിൻ എടുത്തുകഴിഞ്ഞപ്പോൾ തുടർപഠനത്തിന്‌ എപ്പോൾ വേണമെങ്കിലും ബന്ധപ്പെട്ടോളൂ എന്ന് പറഞ്ഞു നീ സമ്മതം കൊടുത്തില്ലേ , അതുപോലെ അനേകർ ചെയ്യണം , എന്നാലേ നിങ്ങൾ മനുഷ്യർക്ക് "ഞങ്ങൾ അതിവേഗം ബഹുദൂരം " മുന്നോട്ട് പോകുന്നതോടൊപ്പം മുന്നോട്ടു പോകാൻ പറ്റൂ" .
"ഇനി നിന്റെ മണ്ടത്തരങ്ങൾ കേട്ടു നിന്നാൽ എനിക്ക് വട്ടുപിടിക്കും . എനിക്ക് നിന്റെ കോശത്തിലോട്ട് ചെന്ന് എന്റെ സന്ദേശം കൈമാറി ചാവേറാവണം. എനിക്കൊരു RIP ആശംസിക്കു" .
എനിക്ക് സങ്കടം വന്നു . നല്ല കൂട്ടായി വന്നതായിരുന്നു. എന്നാലും "ഗോ കൊറോണ ഗോ" എന്ന പതിവ് മുദ്രാവാക്യം മുഴക്കാതിരിക്കാൻ എനിക്കായില്ല .
അപ്പോഴേക്കും സെക്കന്റ് ഡോസ് ബുക്ക് ചെയ്യാനായി അവരെന്നെ വിളിച്ചു , പിൻവാതിലിലൂടെ ഇറക്കി വിട്ടു . ഞാനാരാ മോള് , ഫോട്ടോ എടുക്കാൻ പിന്നേം മുൻവാതിലിൽ എത്തി . അവരിലൊരാൾ വന്ന് പടം പിടിച്ചു തന്നു.
Covid vaccine / Myths and Facts
Leena Thomas RPh"

Comments

Popular posts from this blog

problem solving meeting with paracetamol Part 1